Share this Article
Union Budget
'45,000 രൂപയും എന്റെ ഒരു സ്റ്റുഡിയോ സെല്‍ഫിയും പോയി'; വാട്ട്‌സ്ആപ്പിലൂടെ തട്ടിപ്പിന് ഇരയായെന്ന് ഗായിക അമൃത സുരേഷ്
വെബ് ടീം
posted on 19-06-2025
11 min read
AMRUTHA SURESH

താന്‍ വാട്ട്‌സ്ആപ്പ് വഴി സൈബര്‍ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടതായി ഗായിക അമൃത സുരേഷ്.  തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടപ്പെട്ടുവെന്നും 'അമ്മൂന് പറ്റിയ അബദ്ധം - WHATSAPP SCAM' എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അമൃത പറയുന്നു. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വീഡിയോയിലുണ്ടായിരുന്നു.

അമൃത വീണ വാട്സാപ്പ് തട്ടിപ്പ് വല ഇങ്ങനെയായിരുന്നു:  

എനിക്ക് ബിന്ദുവെന്നൊരു കസിന്‍ സിസ്റ്ററുണ്ട്. ഒരുദിവസം ഞാന്‍ സ്റ്റുഡിയോയിലിരിക്കുകയായിരുന്നു. അപ്പോള്‍ വാട്ട്‌സ്ആപ്പില്‍ ബിന്ദുച്ചേച്ചിയുടെ മെസേജ് വന്നു. 45,000 രൂപ അത്യാവശ്യമായി വേണമെന്നും സ്വന്തം യുപിഐക്ക് എന്തോ പ്രശ്നമുള്ളതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ഇടണമെന്നുമാണ് പറഞ്ഞത്. ഇന്ന് ഇഎംഐ എടുക്കുന്ന ദിവസമാണെന്ന് പറഞ്ഞപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട് തിരികെ തരാമെന്നും 'ചേച്ചി' മെസേജ് അയച്ചു.' -അമൃത സുരേഷ് പറഞ്ഞു.'ഞാന്‍ അപ്പൊ തന്നെ 45,000 രൂപ അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയും അയച്ചുകൊടുത്തു. അപ്പൊ ചേച്ചി Thank you എന്ന് മെസേജ് വന്നു. പിന്നാലെ അടുത്ത മെസേജും വന്നു. ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വീഡിയോ കോള്‍ ചെയ്തു. അപ്പോള്‍ ചേച്ചി അത് കട്ട് ചെയ്തു. ഞാന്‍ നോര്‍മല്‍ കോളില്‍ ചേച്ചിയെ വിളിച്ചു.' -അമൃത തുടര്‍ന്നു. 'ഫോണെടുത്ത ഉടനെ ചേച്ചി അവിടെക്കിടന്ന് ഭയങ്കര കരച്ചില്. 'അമ്മൂ, എന്റെ വാട്ട്‌സ്ആപ്പ് ആരോ ഹാക്ക് ചെയ്തൂ. കുറേ പേര്‍ക്ക് ഇങ്ങനെ മെസേജ് അയച്ചു. നീ പൈസയൊന്നും അയച്ചുകൊടുക്കല്ലേ.' എന്ന്. പക്ഷേ അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. എന്റെ ഒരു സെല്‍ഫിയും പോയി!' -അമൃത പറഞ്ഞു.

തട്ടിപ്പിന് ഇരയായെന് ബോധ്യപ്പെട്ട ഉടന്‍ താന്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചുവെന്നും അമൃത കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള നടപടിക്രമങ്ങളെ കുറിച്ചും അമൃത വീഡിയോയില്‍ അമൃത വിശദീകരിച്ചു. ബിന്ദുച്ചേച്ചിയുടെ വാട്ട്‌സ്ആപ്പ് എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വീഡിയോയില്‍ അഭിരാമിയും വിശദീകരിച്ചു.


ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴുണ്ടാകുന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ചുള്ള ബോധവത്കരണ/മുന്നറിയിപ്പ് സന്ദേശത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അമൃത തട്ടിപ്പിനെപ്പറ്റി പറഞ്ഞുതുടങ്ങിയത്. 'വൃത്തികെട്ട അനൗണ്‍സ്‌മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാന്‍ എത്ര സമയമെടുക്കുന്നു' എന്നെല്ലാമാണ് താന്‍ കരുതിയിരുന്നത്. ഇത്രനാളും ഈ അറിയിപ്പ് താന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ തട്ടിപ്പിന് ഇരയായ ശേഷം ചെയ്ത കോളിന് മുമ്പ് ഇത് കേട്ടപ്പോള്‍ 'ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ .മതിയായിരുന്നു' എന്ന് തോന്നിയെന്നും അമൃത പറഞ്ഞു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories