നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ആര് ജയിക്കുമെന്ന് ആവേശപൂർവം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാവുകയാണ് പാലക്കാട്. ഇടതുപക്ഷം പാലക്കാട് മണ്ഡലത്തിൽ എൻഎംആർ. റസാഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.
രാഹുൽ മാങ്കൂട്ടത്തിലിൽ ഉണ്ടാക്കിയ പ്രതിസന്ധി രമേശ് പിഷാരടിയിലൂടെ പരിഹരിച്ച് വലിയ വിജയം നേടാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ തന്റെ പ്രധാന എതിരാളി ബിജെപി ആണെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. മമ്മൂട്ടിയുൾപ്പെടെയുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ ജയിച്ചുകഴിഞ്ഞാൽ മമ്മൂട്ടി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും പിഷാരടി പറയുന്നു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും സത്യം തെളിയട്ടെ എന്നും പിഷാരടി പറയുന്നു.
പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ മാറ്റിയാണ് ശോഭ സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയായത്. എന്നിരുന്നാലും ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പാലക്കാട് ചുവരെഴുത്തും പ്രചാരണവും ശോഭാ സുരേന്ദ്രൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.