KPCC പുനഃസംഘടന പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നതായി സൂചന. കാസർകോട് നിന്ന് തുടങ്ങിയ KPCC വിശ്വാസ സംരക്ഷണ ജാഥയുടെ ക്യാപ്റ്റനായ കെ. മുരളീധരൻ, ഇന്ന് പത്തനംതിട്ടയിലെ പന്തളത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
ഇന്നലെ ചങ്ങന്നൂരിൽ ജാഥ സമാപിച്ചിരുന്നു. എന്നാൽ, ഇന്ന് രാവിലെ മുരളീധരൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയെന്നാണ് പുറത്തുവരുന്ന വിവരം. എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരിൽ ദർശനം നടത്താറുള്ള പതിവ് തെറ്റിക്കാതിരിക്കാനാണ് മുരളീധരൻ പോയതെന്നാണ് വിശദീകരണം. എങ്കിലും, പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുരളീധരനുള്ള കടുത്ത അതൃപ്തിയാണ് ഈ വിട്ടുനിൽക്കലിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
KPCC പുനഃസംഘടനയിൽ വൈസ് പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടിക പുറത്തുവന്നപ്പോൾ, താൻ നിർദ്ദേശിച്ച ചിലരുടെ പേരുകൾ പരിഗണിക്കാത്തതിൽ മുരളീധരന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ പൊട്ടിത്തെറികൾക്ക് വഴിവെക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.