Share this Article
News Malayalam 24x7
ആക്രമണം തുടർന്ന് ഇറാൻ
Drone Strikes on UAE Oil Fields

പശ്ചിമേഷ്യൻ സംഘർഷം പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖലയെ ഭീതിയിലാഴ്ത്തി ഇറാന്റെ ശക്തമായ ഡ്രോൺ ആക്രമണം. യുഎഇയിലെ എണ്ണപ്പാടങ്ങളും പ്രധാന വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും യുഎഇ വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തു.

അബുദാബിയിലെ ഷാ ഓയിൽ ഫീൽഡിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതായും അവിടെ വൻ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ഡിപ്പോയ്ക്കും ദോഹയിലെ അൽ ഉദയ് വ്യോമതാവളത്തിന് നേരെയും ആക്രമണങ്ങൾ നടന്നതായാണ് വിവരം. നേരത്തെ യുഎസ് സൈനിക താവളങ്ങളെ മാത്രം ലക്ഷ്യമിട്ടിരുന്ന ഇറാൻ, ഇപ്പോൾ ആക്രമണം എണ്ണപ്പാടങ്ങളിലേക്കും സിവിലിയൻ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.


ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. താൽക്കാലികമായ നടപടിയാണിതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, രാജ്യത്ത് നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ രണ്ടാഴ്ച കൂടി തുടരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്ക്കാൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. തങ്ങളുടെ മണ്ണിൽ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ യുദ്ധം തുടരുമെന്നും അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകുന്ന അയൽ രാജ്യങ്ങൾക്കെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി ഹോർമോസ് കടലിടുക്ക് അടച്ചതായും ഇറാൻ പ്രഖ്യാപിച്ചു.


സംഘർഷങ്ങളിൽ ഇതുവരെ 200 യുഎസ് സൈനികർക്ക് പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഗാർക്ക് ഐലൻഡിനെ ലക്ഷ്യം വെച്ചാണ് അമേരിക്കയുടെ നീക്കങ്ങൾ നടക്കുന്നത്. മേഖലയിലെ അനിശ്ചിതത്വത്തിൽ റഷ്യ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും ഇറാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമേഷ്യ മുഴുവൻ ഒരു വൻ യുദ്ധത്തിന്റെ നിഴലിലായതോടെ ലോകരാജ്യങ്ങളും അതീവ ആശങ്കയിലാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories