പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചകളിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. അതിര്‍ത്തിയിലെ അക്രമം തടയുക, അതിര്‍ത്തിയില്‍ ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കുക എന്നിവയായിരുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങള്‍. ശാശ്വതമായ പ്രശ്‌നപരിഹാരത്തിനും സമാധാനം ഉറപ്പാക്കുന്നതിനുമായി ഇരു രാജ്യങ്ങളും തുടര്‍യോഗങ്ങള്‍ നടത്തണമെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.