സംസ്ഥാനത്ത് നാല് ജില്ലകളിൽ അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പായാണ് സൈറണുകൾ മുഴക്കുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് (മെയ് 20) ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും മെയ് 20 ,21 ,23 ,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാസർഗോഡ് ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽ സൈറൺ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്ക്, പുല്ലൂർ, കുമ്പള, കുഡ്‌ലു, ജിഎഫ്‌വിഎച്ച്എസ്എസ് ചെറുവത്തൂർ, ജിഎഫ്‌യുപിഎസ് അടുക്കത്ത്ബയൽ ഗവൺമെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദുമ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൈറൺ മുഴക്കുക.വൈകിട്ട് അഞ്ച് മണിക്കാണ് സൈറൺ മുഴങ്ങുക