തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ. സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടൻ വിജയിക്കും സംസ്ഥാന സർക്കാരിനും ഇന്ന് നിർണ്ണായകമാണ്.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 65 വയസ്സുള്ള ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 41 ആയി ഉയർന്നത്.110-ഓളം പേരെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 50-55 പേരെ ഡിസ്ചാർജ് ചെയ്തു.നിലവിൽ 50-ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോൾ, ടി.വി.കെ. 20 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.പരിക്കേറ്റവരെ കാണാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കരൂരിൽ എത്തും.
സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചും അന്വേഷണം സി.ബി.ഐ. പോലുള്ള സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ടി.വി.കെ. മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഇന്ന് മധുര ബെഞ്ച് പരിഗണിക്കും.
പൊലീസ് സുരക്ഷയിലുണ്ടായ വീഴ്ച, സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള സാധ്യത എന്നിവ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.നേരത്തെ, ദുരന്തത്തിൽ വിജയ് മൗനം പാലിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വിജയ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.
30,000 പേർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന സ്ഥലത്ത് 2 ലക്ഷത്തിലധികം ആളുകൾ തടിച്ചുകൂടിയതും, പരിപാടി ഷെഡ്യൂൾ ചെയ്തതിലും മണിക്കൂറുകൾ വൈകിയതുമാണ് തിക്കിലും തിരക്കിലും പെട്ട് മരണമുണ്ടാകാൻ കാരണം.