Share this Article
News Malayalam 24x7
പ്രകാശ് രാജിന്റെ പരാമര്‍ശം വിവാദമാകുന്നു
Prakash Raj's Controversial Remarks on Children's Films Spark Outrage at Kerala Film Awards

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തെ തുടർന്ന് കുട്ടികളുടെ സിനിമകളെയും ബാലതാരങ്ങളെയും അവഗണിച്ചുവെന്നാരോപിച്ച് വലിയ വിവാദം. അവാർഡിന് അർഹമായ സിനിമകളോ പ്രകടനങ്ങളോ ഈ വിഭാഗത്തിൽ ഉണ്ടായിരുന്നില്ലെന്ന ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ പരാമർശമാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

പ്രകാശ് രാജിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. "സ്ഥാനാർത്ഥി ശ്രീക്കുട്ടൻ", "സ്‌കൂൾ ചലേ ഹം" എന്നീ ചിത്രങ്ങളുടെ സംവിധായകരായ വിനീഷ് വിശ്വനാഥനും ശ്രീകാന്ത് ഇ.ജി.യും ജൂറിയുടെ നിലപാടിനെ വിമർശിച്ചു രംഗത്തെത്തി. ബാലതാരം ദേവനന്ദയും ഈ വിഷയത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി. "നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്" എന്ന് ദേവനന്ദ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.കുട്ടികൾക്കും സമൂഹത്തിൽ ഒരിടമുണ്ടെന്നും അവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നും ദേവനന്ദ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ചിത്രങ്ങൾക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകർ പ്രകാശ് രാജിനും ജൂറി അംഗങ്ങൾക്കും തുറന്ന കത്ത് അയച്ചിട്ടുണ്ട്. "സ്ഥാനാർത്ഥി ശ്രീക്കുട്ടൻ", "സ്‌കൂൾ ചലേ ഹം" തുടങ്ങിയ സിനിമകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം."സ്ഥാനാർത്ഥി ശ്രീക്കുട്ടൻ" എന്ന ചിത്രം ക്ലാസ് മുറികളിലെ "ബാക്ക്ബെഞ്ചർ" സംസ്കാരത്തെ ചോദ്യം ചെയ്യുകയും വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഈ സിനിമ 44-ാമത് ഫിൻലാൻഡ് ചലച്ചിത്രോത്സവത്തിന്റെ അവസാന റൗണ്ടിൽ എത്തിയ എട്ട് സിനിമകളിൽ ഒന്നായിരുന്നു. "സ്‌കൂൾ ചലേ ഹം" എന്ന സിനിമയും നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു.

കുട്ടികളുടെ സിനിമകൾക്ക് മറ്റ് വാണിജ്യ സിനിമകളുടേത് പോലെ പളപളപ്പും കോടികളുടെ ബഡ്ജറ്റും സ്പോൺസർഷിപ്പും ലഭിക്കാറില്ലെന്നും, എന്നിരുന്നാലും വലിയ സാമൂഹിക സന്ദേശങ്ങൾ നൽകാൻ ഈ ചിത്രങ്ങൾക്ക് കഴിയുമെന്നും സംവിധായകർ വാദിക്കുന്നു.കുട്ടികളെ കഥാപാത്രങ്ങളാക്കുന്നു എന്നതിനപ്പുറം, കുട്ടികളുടെ കാഴ്ചപ്പാടിൽ ലോകത്തെ അവതരിപ്പിക്കുന്ന സിനിമകളാണ് തങ്ങളുടേതെന്നും, 80% സ്ക്രീൻ സ്പേസും കുട്ടികൾക്ക് മാത്രമായിരുന്നുവെന്നും അവർ പറയുന്നു.

അതേസമയം, കുട്ടികളുടെ ചിത്രങ്ങൾക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും അവഗണന ഉണ്ടായിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തമായ ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories