വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങൾ. നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ (DMDK), ഭരണകക്ഷിയായ ഡിഎംകെ (DMK) സഖ്യത്തിൽ ചേരാൻ ഏകദേശ ധാരണയായി. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തി.
സഖ്യത്തിന്റെ ഭാഗമായി ഡിഎംഡികെയ്‌ക്ക് ഒരു രാജ്യസഭാ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തതായാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതിനായി ഇരു പാർട്ടികളും പ്രത്യേക തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു. ഈ കമ്മിറ്റികൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടാകുക എന്ന് പ്രേമലത വിജയകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ക്യാപ്റ്റൻ വിജയകാന്ത് ജീവിച്ചിരുന്നപ്പോൾ തന്നെ ഇത്തരമൊരു സഖ്യത്തിന് നീക്കങ്ങൾ നടന്നിരുന്നു. ഡിഎംഡികെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിലേക്ക് പോകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് പ്രേമലത വിജയകാന്ത് എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ഡിഎംഡികെയുടെ വരവ് ഡിഎംകെ സഖ്യത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.