ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിക്ക് പരിഹാരമാകാത്ത സാഹചര്യത്തിൽ ഇന്നും നിരവധി സർവീസുകൾ മുടങ്ങിയേക്കും. ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് തുടർച്ചയായ ഏഴാം ദിവസമാണ് സർവീസുകൾ തടസ്സപ്പെടുന്നത്. ഇത് യാത്രക്കാരെ വലിയ രീതിയിൽ വലച്ചിരിക്കുകയാണ്.
അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു, സിവിൽ ഏവിയേഷൻ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരുടെ കുറവ് മുൻകൂട്ടി കണ്ട് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ഇൻഡിഗോയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി മന്ത്രാലയം വിലയിരുത്തി. കൂടിക്കാഴ്ചയിൽ ഇൻഡിഗോ സിഇഒ ഇക്കാര്യത്തിൽ കുറ്റസമ്മതം നടത്തിയതായാണ് വിവരം.
സർവീസുകൾ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് വൈകുന്നേരം അവസാനിക്കും. അതേസമയം, വിമാന സർവീസുകൾ താളം തെറ്റിയത് പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും മറ്റ് ആവശ്യങ്ങൾക്കായി വിമാനത്തെ ആശ്രയിക്കുന്നവരുമായ നിരവധി പേരാണ് സർവീസ് മുടക്കം മൂലം ദുരിതത്തിലായിരിക്കുന്നത്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്.