Share this Article
News Malayalam 24x7
സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ കണ്ണൂരിൽ എൽഡിഎഫിന് മേൽക്കെ, ഒമ്പതിടത്ത് എൽഡിഎഫിന് എതിരാളികളില്ല, പരിശോധനയിൽ UDFന് തിരിച്ചടി, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഉൾപ്പെടെ പത്രിക തള്ളി
വെബ് ടീം
1 hours 3 Minutes Ago
1 min read
ldf

കണ്ണൂർ: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ,വോട്ടിനു മുൻപ് കണ്ണൂരിൽ എൽഡിഎഫിന്  മേൽക്കെ. മത്സരിക്കാൻ  9 ഇടത്ത് എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല. 12 ആം വാർഡിലെ ഇടത് സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്ഥാനാർത്ഥി പ്രേമ സുരേന്ദ്രൻറെയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല.

ആന്തൂരിൽ സ്ഥാനാർത്ഥികളെ സിപിഐഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് കോൺഗ്രസ് പരാതി. കലക്ടർ സിപിഐഎമ്മിനെ സഹായിക്കുകയാണെന്നും കോൺഗ്രസ് ആരോപണം. സ്ഥാനാർത്ഥികളെ സിപിഐഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.

അതേ സമയം  പാലക്കാട് നഗരസഭയിൽ എൽഡിഎഫിൻറെ രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് കണക്ക് നൽകാത്തതാണ് കാരണം. കോട്ടയം പാമ്പാടി 9 -ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി രമണി മത്തായിയുടെ പത്രിക തള്ളി. തൃശൂർ ശ്രീനാരായണപുരം പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ഇഎസ് ഷൈബിയുടെ പത്രിക ജാതി സർട്ടിഫിക്കറ്റ് വെക്കാത്തതിനാൽ സ്വീകരിച്ചില്ല.

എറണാകുളത്ത് കോൺഗ്രസിന് വൻതിരിച്ചടിയായി എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നാമനിർദേശപത്രിക തള്ളി. കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. മൂന്ന് സെറ്റ് പത്രികയിലും പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത് ഡിവിഷന് പുറത്തുനിന്നുള്ള വ്യക്തികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തളളിയത്.ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒന്ന്, പതിനൊന്ന് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികയും തള്ളി. പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരിയായതിനാലാണ് ഒന്നാം ഡിവിഷനിൽ മൽസരിക്കുന്ന ഷെറീന ഷാജിയുടെ പത്രിക തളളിയത്. 2 വർഷം ശിക്ഷിക്കപ്പെട്ട വിവരം നൽകാതിരുന്നത് പതിനൊന്നാം ഡിവിഷനിലെ യുഡിഎഫിലെ ജോൺസൺ പുനത്തിലിന് തിരിച്ചടിയായി

കല്‍പറ്റയിലും യുഡിഎഫിന് തിരിച്ചടി. 23ാം വാര്‍‍ഡ് സ്ഥാനാര്‍ഥി ടി.വി.രവീന്ദ്രന്റെ പത്രിക തള്ളി.  നഗരസഭ ചെയര്‍മാനായി പരിഗണിച്ച വ്യക്തിയായിരുന്നു രവീന്ദ്രന്‍. നഗരസഭാ സെക്രട്ടറി ആയിരിക്കെയുളള ബാധ്യത തീര്‍ത്തില്ല  എന്നതാണ് കാരണം. സി.എസ്. പ്രഭാകരന്‍ പകരം സ്ഥാനാര്‍ഥിയാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories