Share this Article
News Malayalam 24x7
വാളയാർ ആൾക്കൂട്ട കൊലപാതകം; റാം നാരായണൻ നേരിട്ടത് ക്രൂര പീഡനം
 Brutal Assault on Ram Narayan

വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ സമ്മതിച്ചു. പാലക്കാട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ നടന്ന പ്രതിഷേധം റവന്യൂ മന്ത്രി കെ. രാജൻ ബന്ധുക്കളുമായും സമരസമിതിയമായും നടത്തിയ ചർച്ചയെത്തുടർന്നാണ് അവസാനിച്ചത്. പത്ത് ലക്ഷം രൂപയിൽ കുറയാത്ത ധനസഹായം കുടുംബത്തിന് നൽകുമെന്നും ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായത്.

അതേസമയം കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ക്രൂരത വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികൾ രാംനാരായണനെ അതീവ ക്രൂരമായി മർദ്ദിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇയാളെ കൊല്ലണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രാംനാരായണന്റെ ശരീരത്തിൽ ഏകദേശം നാൽപ്പതോളം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും വടി ഉപയോഗിച്ച് തലയിലും മുതുകിലും നിരന്തരം അടിച്ചതായും റിപ്പോർട്ടിലുണ്ട്. തലയിലേറ്റ കടുത്ത മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് എക്സ്-റേ പരിശോധനയിലും വ്യക്തമായിട്ടുണ്ട്.


കേസിൽ പ്രതികൾക്കെതിരെ ആൾക്കൂട്ട മർദ്ദനം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ കൂടി ചുമത്താൻ സർക്കാർ തീരുമാനിച്ചു. നിലവിൽ അറസ്റ്റിലായ പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതിയായ അനുവിന്റെ പേരിൽ മാത്രം വാളയാർ, കസബ പൊലീസ് സ്റ്റേഷനുകളിലായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾക്ക് 15 ഓളം കേസുകൾ നിലവിലുണ്ട്. മറ്റ് നാല് പ്രതികൾക്കെതിരെയും സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. കേസ് ഡയറിയിൽ 'ഗ്രേവ് ക്രൈം റിപ്പോർട്ട്' ആയാണ് ഈ കൊലപാതകം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളിലാണ് അന്വേഷണ സംഘം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories