Share this Article
News Malayalam 24x7
ഇറാന് വീണ്ടും മുന്നറിയിപ്പ് നല്‍കി ട്രംപ്
Trump

ഇറാന് കടുത്ത മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും കരാർ ഉറപ്പാക്കുന്നതിനും തെഹ്റാൻ ഭരണകൂടത്തിന് ലഭിക്കുന്ന അവസാനത്തെ അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' (Truth Social) വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്നെങ്കിൽ പുതിയ കരാറിൽ ഒപ്പുവെക്കുക, അല്ലെങ്കിൽ പൂർണ്ണമായും യു.എസിന് മുന്നിൽ കീഴടങ്ങുക എന്നീ രണ്ട് ഓപ്ഷനുകളാണ് ട്രംപ് ഇറാന് മുന്നിൽ വെച്ചിരിക്കുന്നത്. അഞ്ച് മാസമായി തുടരുന്ന ഈ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇതിലൊന്ന് ഇറാൻ തിരഞ്ഞെടുക്കണമെന്നാണ് യു.എസ്. നിലപാട്.


വിവിധ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് നിലവിൽ യു.എസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ചർച്ചകളെന്ന് ട്രംപ് സൂചിപ്പിച്ചു. ഒമാൻ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളെ തുടർന്ന് ജലപാതകളിൽ താൽക്കാലിക സുരക്ഷാ പാതയൊരുക്കുന്നതിൽ പുരോഗതിയുണ്ടായതായി ഇറാൻ സമ്മതിക്കുന്നുണ്ട്. എന്നാൽ, വാഷിംഗ്ടണുമായി തങ്ങൾ നേരിട്ടുള്ള ചർച്ചകൾ നടത്തുന്നില്ലെന്നാണ് തെഹ്റാന്റെ ഔദ്യോഗിക നിലപാട്.


ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇപ്പോഴും കടുപ്പമേറിയ രീതിയിലാണ് തുടരുന്നതെന്ന് യു.എസ്. സൈന്യം അറിയിച്ചു. സുരക്ഷാ ഭീഷണിയെ തുടർന്ന് ഇതുവരെ 44 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായും രണ്ടെണ്ണം പ്രവർത്തനരഹിതമാക്കിയതായും യു.എസ്. വൃത്തങ്ങൾ വ്യക്തമാക്കുന്നു. മേഖലയിലെ സംഘർഷാവസ്ഥ കാരണം രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. സമാധാന ചർച്ചകൾ തുടരുന്നുണ്ടെങ്കിലും കീഴടങ്ങാൻ ഇറാൻ വിസമ്മതിക്കുന്നത് മേഖലയിൽ ആശങ്ക നിലനിർത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article