ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം. കന്നിമാസ പൂജ പൂർത്തിയാക്കി നട ഇന്ന് അടയ്ക്കാനിരിക്കെ 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് സന്നിധാനത്ത് എത്തും. ഒരാൾക്ക് ഒരു ടിൻ അരവണ വീതം എന്ന നിയന്ത്രണം കൊണ്ടുവന്നത് കഴിഞ്ഞദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്. മൂന്ന് ലക്ഷം ടിൻ അരവണ കരുതൽ സ്റ്റോക്കുണ്ടായിരുന്നെങ്കിലും തീർത്ഥാടകരുടെ എണ്ണം പ്രതീക്ഷിച്ചതിലും വർധിച്ചതാണ് ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചെന്നാണ് ഉയരുന്ന ആരോപണം..അതെസമയം അപ്പത്തിന് നിലവിൽ ക്ഷാമമില്ലെന്നാണ് അധികൃതർ പറയുന്നത്.