പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനും സഭ ബഹിഷ്‌കരണത്തിനുമിടയിൽ പുതിയ തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. നേരത്തെ ലോക്സഭ പാസാക്കിയ വി ബി ജി റാം ജി (VBG Ram G) ബില്ലിനാണ് ഇതോടെ പാർലമെന്റിന്റെ പൂർണ്ണ അംഗീകാരമായത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭ തള്ളിയതിനെ തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരെയും പദ്ധതിയുടെ സാമ്പത്തിക വിഹിതത്തിൽ മാറ്റം വരുത്തിയതിനെതിരെയുമാണ് പ്രതിപക്ഷം പ്രധാനമായും പ്രതിഷേധിച്ചത്. പുതിയ ബിൽ പ്രകാരം പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രം വഹിക്കുമ്പോൾ 40 ശതമാനം തുക അതാത് സംസ്ഥാനങ്ങൾ വഹിക്കണം. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എംപിമാർ നടുത്തളത്തിലിറങ്ങിയും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചതോടെ സഭ പലതവണ തടസ്സപ്പെട്ടിരുന്നു.
അതേസമയം, പുതിയ ബില്ലിലൂടെ തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 120-ലേക്ക് വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാധാരണക്കാരെ മറന്നുകൊണ്ടുള്ള നീക്കമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചു. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ രാത്രി വൈകിയാണ് ബിൽ പാസാക്കിയത്. രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാകും. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ.