കേരളത്തെ ഇളക്കിമറിച്ച, പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമവാദം നേരത്തെ പൂർത്തിയായതിനാൽ, വിധി പറയുന്ന തീയതി കോടതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങളിലെ സംശയനിവാരണം പൂർത്തിയാകുന്നതോടെയാകും വിധി പ്രഖ്യാപനത്തിനുള്ള തീയതി നിശ്ചയിക്കുക. നിലവിൽ ഈ നടപടികൾ അവസാന ഘട്ടത്തിലാണ്.
കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷൻ വാദം. ക്വട്ടേഷൻ സംഘാംഗമായ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടുന്ന വാഹനത്തിൽ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. നീണ്ട വർഷത്തെ സാക്ഷിവിസ്താരത്തിനും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കേരളം ഉറ്റുനോക്കുന്ന കേസ് വിധി പറയാനായി ഒരുങ്ങുന്നത്.