ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, കെ.പി ശങ്കർദാസ് എന്നിവർക്ക് എസ്ഐടി നോട്ടീസ് അയച്ചു. ഈ മാസം 26-ന്നേരിട്ട് ഹാജരായി മൊഴി നൽകാനാണ് നിർദ്ദേശം.
അന്വേഷണത്തിന്റെ പുരോഗതിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും എസ്ഐടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കേസിൽ നൽകിയ മൊഴി കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. വിദേശ വ്യവസായിയുടെ വെളിപ്പെടുത്തലിൽ പരാമർശിക്കപ്പെട്ട 'ഡി മണി' എന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ചെന്നൈ കേന്ദ്രീകരിച്ചാണ് എസ്ഐടി ഇപ്പോൾ പ്രധാനമായും തെളിവുകൾ ശേഖരിക്കുന്നത്. രഹസ്യവിവരങ്ങൾ നൽകിയ നിരവധി പേരുടെ മൊഴികൾ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. മുൻ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിലെ ദുരൂഹതകൾ നീക്കാൻ സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.