Share this Article
News Malayalam 24x7
ശബരിമല സ്വർണക്കവർച്ചാ കേസ്: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്.ഐ.ടി. ചോദ്യം ചെയ്തു
UDF Convener Adoor Prakash Questioned by SIT

ശബരിമല സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മടങ്ങി. ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ഒരു മുതിർന്ന യു.ഡി.എഫ് നേതാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്.

പ്രധാനമായും, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ബന്ധത്തെക്കുറിച്ചുള്ള വ്യക്തത വരുത്തുന്നതിനാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് ഉപഹാരം നൽകുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഈന്തപ്പഴം മാത്രമാണെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.


തന്റെ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉള്ളതെന്നും, ഇതിനപ്പുറം മറ്റ് സാമ്പത്തിക ഇടപാടുകളോ ബന്ധങ്ങളോ ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു നൽകിയത് അടൂർ പ്രകാശാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. താൻ വഴിയല്ല പോറ്റി സോണിയാ ഗാന്ധിയെ കാണാൻ എത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അന്വേഷണ സംഘം ആവശ്യപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പെട്ടെന്ന് നോട്ടീസ് നൽകിയാണ് തന്നെ വിളിച്ചുവരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories