തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപയും പേവിഷബാധയേൽക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകാനാണ് തീരുമാനം. നഷ്ടപരിഹാര വിതരണത്തിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തെരുവുനായ ശല്യം സംസ്ഥാനത്ത് വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. പലയിടത്തും കുട്ടികൾക്കും മുതിർന്നവർക്കും തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നത് നിത്യസംഭവമായി മാറിയിരുന്നു. പേവിഷബാധയേറ്റ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഇരകൾക്ക് സാമ്പത്തിക സഹായം നൽകാനുമാണ് സർക്കാർ മുന്നിട്ടിറങ്ങിയത്.
നഷ്ടപരിഹാരം വേഗത്തിൽ അർഹരിലേക്ക് എത്തിക്കുന്നതിനും പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി പ്രവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ തീരുമാനം തെരുവുനായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.