Share this Article
News Malayalam 24x7
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ല; സംസ്ഥാനം ഒരു പുതിയ നാടായി രൂപപ്പെടുകയാണെന്നും ഇപി ജയരാജൻ
വെബ് ടീം
4 hours 25 Minutes Ago
1 min read
ep jayarajan

തിരുവനന്തപുരം: കേരളം ഒരു പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഈ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുകയാണെന്നും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.കേരളത്തിൻ്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും, മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഒരു പുതിയ നാടായി, രൂപപ്പെടുകയാണ്. കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഈ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുകയാണ്. ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തോടൊപ്പമാണ് ജനങ്ങൾ നിലകൊള്ളുന്നത്. ഇവിടെ കുറെ ആളുകൾ മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാവാൻ പുറപ്പെട്ടാലും കേരളത്തിൽ അവർ ആരും ഇനി മുഖ്യമന്ത്രി ആകാൻ പോകുന്നില്ല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ല. ഇപി പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി മുന്നണിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സുശക്തമായാണ് നിലകൊള്ളുന്നത്. നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് മുന്നണിയെ ദുർബലപ്പെടുത്താൻ സാധിക്കുമെന്നോ, പാർട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാൻ സാധിക്കുമെന്നോ ഇടതുപക്ഷ വിരോധികൾ ധരിക്കുന്നുണ്ടെങ്കിൽ, അത് കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ല. ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷത്തിന്റെ ഐക്യം വളരെ പ്രസക്തമാണ്.കേന്ദ്ര ആവിഷ്കൃത പദ്ധതികളെല്ലാം പൊതുവായി ചർച്ച ചെയ്ത്, കേരളത്തിന്റെ താൽപ്പര്യങ്ങളും കേരളത്തിലെ ജനതയുടെ താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്ന ഗവൺമെന്റാണ് ഇവിടെയുള്ളത്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാർട്ടികൾക്കോ മറ്റുള്ളവർക്കോ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ, ആ അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും.വിദ്യാഭ്യാസ രംഗത്ത് കേരളം ഉന്നത നിലവാരം വെച്ചു പുലർത്തുന്ന ഒരു സംസ്ഥാനമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണിതെന്നും ഇപി ജയരാജൻ പറഞ്ഞു.കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണ് എൽഡിഎഫ് ഗവൺമെന്റിന്റെ പ്രഥമ ലക്ഷ്യം. ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കാൻ ഒന്നും കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റ് സമ്മതിക്കില്ല. ഇവിടെ കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് ഗവൺമെന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories