Share this Article
News Malayalam 24x7
കൈയിൽ ഒരു കുപ്പി വെള്ളം; യമുനയിലെ വെള്ളം കുടിക്കൂ, നമുക്ക് ആശുപത്രിയിൽ വെച്ച് കാണാം; അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
വെബ് ടീം
posted on 03-02-2025
1 min read
YAMUNA

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ചും കടന്നാക്രമിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഞ്ചുവർഷം മുമ്പ് അധികാരത്തിലേറും മുമ്പ് യമുന നദി പൂർണമായും ശുദ്ധീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ചുവർഷം പിന്നിട്ടിട്ടും യമുന മലിനമായി തന്നെ തുടരുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. യമുനയിൽ നിന്ന് ഒരു കവിൾ വെള്ളം കുടിക്കാൻ ധൈ​ര്യമുണ്ടോയെന്നും രാഹുൽ കെജ്രിവാളിനെ വെല്ലുവിളിച്ചു. അങ്ങനെ സംഭവിച്ചാൽ ഉറപ്പായും ആശുപത്രിയിൽ കണ്ടുമുട്ടായെന്നും രാഹുൽ പരിഹസിച്ചു.

അഞ്ചുവർഷം കൊണ്ട് യമുനയിലെ വെള്ളം മുഴുവൻ ശുദ്ധീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. എന്നാൽ യമുന ഇപ്പോഴും മലിനമായി തുടരുകയാണ്. അതിൽ നിന്ന് കുറച്ച് വെള്ളമെടുത്താൻ കുടിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. അതിനു ശേഷം ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടാമെന്നും പറയുകയാണ്.''-ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.യമുനയിൽനിന്നെടുത്ത വെള്ളം നിറഞ്ഞ കുപ്പിയും രാഹുലിന്റെ കൈയിലുണ്ടായിരുന്നു.

മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സത്യേന്ദ്ര ജെയിൻ തുടങ്ങിയ നേതാക്കളെ എ.എ.പിയുടെ കോർ നേതാക്കളായി വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയാകാൻ ശ്രമിക്കുകയാണ് കെജ്രിവാളെന്നും രാഹുൽ ആരോപിച്ചു.ദലിത് വിഭാഗത്തിൽനിന്നോ മുസ്‍ലിം വിഭാഗത്തിൽ നിന്നോ ആരുമില്ല കോർ ടീമിൽ. അവർ ടീമുണ്ടാക്കുന്നു. കലാപം വന്നാൽ എല്ലാവരും അപ്രത്യക്ഷരാകുന്നു. കെജ്രിവാളിനും മോദിക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മോദി വിദ്വേഷം തുറന്ന് പറയുന്നു. കെജ്രിവാൾ നിശ്ശബ്ദത പാലിക്കുന്നു എന്നുമാത്രം. ആവശ്യം വരുമ്പോൾ ഈ നിശ്ശബ്ദത ഉപേക്ഷിച്ച് അദ്ദേഹം രംഗത്തുവരും. ഐക്യം, വിദ്വേഷം എന്നീ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണ് ഈ തെരഞ്ഞെടുപ്പെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രണ്ടുപാർട്ടികൾ തമ്മിലാണ് പ്രധാന മത്സരം. ഒന്ന് ബി.ജെ.പിയും ആർ.എസ്.എസുമാണ്. മറ്റൊന്ന് കോൺഗ്രസും. വെറുപ്പാണ് ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്രം. കോൺഗ്രസിന്റേത് ഐക്യവും. ഇപ്പോൾ നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി. അദ്ദേഹം രാജിവെച്ചാൽ ഒരാൾ പോലും പിന്നീട് ഓർമിക്കുക പോലുമില്ല. ഗാന്ധിജിയും ഗോഡ്സെയും ഇവിടെ ജീവിച്ചു. ഗാന്ധിയെ എല്ലാവരും സ്മരിക്കുന്നു. ഗോഡ്സെയെ ആരും ഓർക്കുന്നില്ല.-രാഹുൽ കൂട്ടിച്ചേർത്തു. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories