Share this Article
KERALAVISION TELEVISION AWARDS 2025
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ SIT
Pankaj Bhandari and Govardhan

ശബരിമലയിലെ സുവർണ്ണപ്പാളികൾ കവർന്ന കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. ലോഹപ്പാളികളിൽ ഉള്ളത് സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇരുവരും കവർച്ചയ്ക്ക് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചാണ് സുവർണ്ണപ്പാളികളിലെ സ്വർണ്ണം വേർതിരിച്ചെടുത്തത്. തുടർന്ന് ഇത് ബെല്ലാരിയിലുള്ള രഥം ജ്വല്ലറി ഉടമ ഗോവർദ്ധനന് കൈമാറുകയായിരുന്നു. ഈ സ്വർണ്ണം പിന്നീട് ആർക്ക് വിറ്റു എന്നതിനെക്കുറിച്ചാണ് എസ്ഐടി ഇപ്പോൾ അന്വേഷിക്കുന്നത്. കേസിലെ ഇടനിലക്കാരനായ കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.


നേരത്തെ ഈ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും അറസ്റ്റ് ചെയ്തത്. വിവിധ ഇടപാടുകളിലായി ഒന്നര കോടിയോളം രൂപ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ഗോവർദ്ധൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. സ്വർണ്ണപ്പാളികൾ കൊണ്ടുവരാൻ പദ്ധതിയിട്ടതും അതിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുത്തതും താനാണെന്ന് ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്.


അതേസമയം, ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി തീരുമാനിച്ചു. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണിത്. 2017-2019 കാലയളവിലെ ദേവസ്വം ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും എസ്ഐടി ചോദ്യം ചെയ്യും. അന്നത്തെ ബോർഡ് പ്രസിഡന്റുമാരായ പത്മകുമാർ, എൻ. വാസു എന്നിവരുടെ കാലത്തെ ബോർഡ് എടുത്ത തീരുമാനങ്ങളും പരിശോധിക്കും. കൂടുതൽ ഉന്നതരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories