മറുനാടൻ മലയാളി യുട്യൂബ് ചാനലിനെതിരെ 10.25 കോടി രൂപയുടെ നിയമനടപടിയുമായി ഭാരത് ലക്ഷ്മി മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ബി.എൽ.എം.) രംഗത്ത്. തൃശൂരിലെ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ ബി.എൽ.എമ്മിനെതിരെ വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയതിനാണ് നിയമനടപടി.
പരസ്യമായി മാപ്പ് പറയണമെന്നും 10 കോടി രൂപയും 25 ലക്ഷം രൂപ നിയമനടപടിക്കുള്ള ചെലവും നൽകണമെന്നും ആവശ്യപ്പെട്ടാണ് ബി.എൽ.എം. നോട്ടീസ് അയച്ചിരിക്കുന്നത്. രാഗം തിയേറ്റർ നടത്തിപ്പുകാരൻ എ.കെ. സുനിലിന് വെട്ടേറ്റതുമായി ബന്ധപ്പെട്ട് "രാഗം തിയേറ്റർ ഉടമയ്ക്ക് കൊട്ടേഷൻ: നന്മ മരങ്ങളുടെ മുഖാവരണം മാറുമോ?" എന്ന തലക്കെട്ടിൽ വ്യാജമായ കാര്യങ്ങൾ ശാസ്‌ത്രീയമായോ ആധികാരികമായോ തെളിവുകളില്ലാതെ യൂട്യൂബിലൂടെ വിവരണവും പ്രസ്താവനയും നൽകി എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനായി ബി.എൽ.എമ്മിന്റെ ലോഗോയും ചെയർമാൻ പ്രേംകുമാറിന്റെ ചിത്രങ്ങളും നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നും നോട്ടീസിൽ പറയുന്നു.
ബി.എൽ.എമ്മിനെതിരെ വാർത്തകൾ ചെയ്യുന്നതിനിടെ മറുനാടൻ മലയാളിയെ കോടതി വിലക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് മറുനാടൻ മലയാളി വീണ്ടും വാർത്ത ചെയ്തതെന്നും നോട്ടീസിൽ പറയുന്നു.