തിരുവനന്തപുരം: വെനസ്വേലയിലെ അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചും അപലപിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. നികൃഷ്ടമായ ഈ കടന്നുകയറ്റത്തിനും ഹൃദയശൂന്യതയ്ക്കുമെതിരേ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദമുയരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വെനസ്വേലയുടെ പരമാധികാരത്തെ വകവയ്ക്കാതെ ആ രാഷ്ട്രത്തിന്റെ തലവനെ അമേരിക്കൻ സാമ്രാജ്യത്വം ബന്ദിയാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്ക നടത്തുന്ന സൈനിക കടന്നുകയറ്റങ്ങളിൽ മനുഷ്യക്കുരുതി കൂടിയാണ് കാണുന്നത്. വിയറ്റ്നാം മുതൽ ഇറാഖ് വരേയും സിറിയ മുതൽ ലിബിയ വരേയും ലാറ്റിനമേരിക്ക ആകെയും ആ രക്തം ചിതറിക്കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് നിരപരാധികളെയാണ് യുഎസ് കൊന്നൊടുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ ലോകത്തെ മറ്റേതൊരു രാജ്യത്തും സംഭവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.
പഹൽഗാമിൽ പാക് ഭീകരർ ആക്രമണം നടത്തിയപ്പോൾ അതിനെതിരേ ശബ്ദിക്കാനും ഒപ്പം നിൽക്കാനും ഇന്ത്യ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. പ്രതിനിധി സംഘങ്ങളെ അയക്കുകയും ചെയ്തു. അന്ന് നാം ആഗ്രഹിച്ച അതേ രാജ്യാന്തര പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയിലെ ജനങ്ങൾക്കും അവകാശമുണ്ട്. ഈ കാര്യം ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവത്കരിക്കാനും അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കാനുമുള്ള ത്വരയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേരുപോലും പരാമർശിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ദിവസവും ഇന്ത്യയേയും നമ്മുടെ പരമാധികാരത്തെയും അപമാനിക്കുന്ന പ്രസ്താവന നടത്തുന്ന അമേരിക്കൻ പ്രസിഡന്റിനെതിരേ ഒന്നു പ്രതിഷേധിക്കാൻ പോലും കേന്ദ്രത്തിന് സാധിക്കുന്നില്ല. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്നവകാശപ്പെടുന്ന കോൺഗ്രസും അതേ വഴിയിലാണ്. ട്രംപ് ഇറക്കുമതി തീരുവ ഉയർത്തുമെന്ന നിരന്തരമായി ഭീഷണിപ്പെടുത്തുമ്പോൾ, അതേ ട്രംപിന്റെ പേരിൽ ഒരു റോഡ് തന്നെ ഉണ്ടാക്കാൻ തയ്യാറാവുന്ന തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെയും കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.