കോട്ടയം:മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.തിരക്കഥാകൃത്ത് റെജി മാത്യൂവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
കർമയോദ്ധ സിനിമ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിർമിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യൽ കോടതിയുടെ വിധി. 2012ലാണ് സിനിമ റിലീസായത്. റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് സിനിമ റിലീസ് ചെയ്യാൻ കോടതി അനുവദിച്ചത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാൽ, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേർത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.