 
                                 
                        കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിയോട് ചേര്‍ന്ന് ഞായറാഴ്ച രാത്രി 11:47-ഓടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 600 കടന്നു. 500-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
നങ്കർഹർ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റർ വടക്കുകിഴക്കായി 8 മുതൽ 14 കിലോമീറ്റർ വരെ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. കുനാർ, നങ്കർഹർ, ലഗ്മാൻ പ്രവിശ്യകളിലെ നിരവധി ഗ്രാമങ്ങളിൽ വൻ നാശനഷ്ടങ്ങളുണ്ടായി, മൺവീടുകളും കെട്ടിടങ്ങളും തകർന്നു.
രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. വിദൂര പ്രദേശങ്ങളിലേക്ക് എത്താനുള്ള പ്രയാസങ്ങളും ശക്തമായ മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങളും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.അന്താരാഷ്ട്ര സഹായത്തിനായി താലിബാൻ സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ യൂറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ ചേരുന്ന മേഖലയിലായതുകൊണ്ട് ഭൂകമ്പ സാധ്യത കൂടുതലാണ്. 2023 ഒക്ടോബറിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,400-ൽ അധികം പേർ മരിച്ചിരുന്നു.2022 ജൂണിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,000-ൽ അധികം പേർ മരിക്കുകയും 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    