മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുന്നതിനുള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. ഗ്രാമീണ വികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'വി.ബി.ജി. റാം ജി' ബിൽ സഭയിൽ അവതരിപ്പിച്ചത്.
ബിൽ അവതരിപ്പിച്ച ഉടൻ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. കോൺഗ്രസ് എം.പി.യും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധി ബിൽ അവതരണത്തെ എതിർത്ത് സംസാരിച്ചു. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നതിനെയാണ് പ്രതിപക്ഷം പ്രധാനമായും ചോദ്യം ചെയ്തത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമസഭകൾക്ക് നൽകിയിരുന്ന അധികാരം പുതിയ ബില്ലിലൂടെ ഇല്ലാതാക്കുമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം 60:40 എന്ന നിലയിലേക്ക് മാറ്റുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഈ നീക്കം ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങൾക്കെതിരാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ എന്നിവരടക്കമുള്ളവർ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയും നടുത്തളത്തിൽ ഇറങ്ങുകയും ചെയ്തു. തുടർന്ന് വിഷയം ചർച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.