അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ഇന്നലെ നടന്ന വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ സൈനിക മരിച്ചു. വെർജീനിയ സ്വദേശിനിയും നാഷണൽ ഗാർഡ് അംഗവുമായ സാറ ബെക്സ്ട്രാമാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മറ്റൊരു സൈനികൻ ആൻഡ്രൂ വുൾഫ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. വൈറ്റ് ഹൗസിന് സമീപമുള്ള ഒരു മെട്രോ സ്റ്റോപ്പിന് അടുത്തുവെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.
തലയ്ക്ക് വെടിയേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇരുപതുകാരിയായ സാറയുടെ ജീവൻ രക്ഷിക്കാനായില്ല. ഇരുപത്തിനാലുകാരനായ ആൻഡ്രൂ വുൾഫ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊമ്പതുകാരനായ റഹ്മാനുള്ള ലഗൻവാൾ എന്ന അഫ്ഗാൻ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. കാബൂൾ സ്വദേശിയായ ഇയാൾ അഫ്ഗാൻ യുദ്ധകാലത്ത് യു.എസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണെന്ന് സി.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസിന് ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.