ലൈംഗികാതിക്രമ കേസിൽ പ്രതിയായ റാപ്പർ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ കമ്മീഷണർ, പ്രതി രാജ്യം വിട്ടുപോകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വൈകുന്നത്. ഹർജിയിൽ ഇന്നും വാദം തുടരും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ കഴിയില്ലെന്നും കമ്മീഷണർ വിശദീകരിച്ചു.
വേടനെതിരെ പുതിയ പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ജാമ്യാപേക്ഷയിലെ വാദം ഇന്നും തുടരുന്നതിനാൽ കോടതിയുടെ തീരുമാനം കേസിൽ നിർണായകമാകും.