ശബരിമലയിലെ സ്വർണ്ണ കവർച്ച കേസിൽ ഏഴാം പ്രതിയായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെ കഴിഞ്ഞ രാത്രി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. 2019-ൽ ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ നീക്കം ചെയ്ത സമയത്ത് ബൈജു മനഃപൂർവം പരിശോധനയിൽ നിന്ന് വിട്ടുനിന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിനും രേഖകൾ കൃത്യമായി പരിപാലിക്കുന്നതിനും ഉത്തരവാദി ബൈജുവായിരുന്നു. ബൈജുവിന്റെ അനാസ്ഥയോ ഒത്താശയോ മോഷണത്തിന് വഴിയൊരുക്കിയെന്നാണ് SIT-യുടെ കണ്ടെത്തൽ.
കേസിലെ മറ്റ് ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ് കുമാറും നിലവിൽ ജയിലിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് SIT-യുടെ തീരുമാനം. മുൻ എക്സിക്യൂട്ടീവ് ഓഫീസർ എൻ. വാസുവിനെ ഇന്നലെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ വെറും ചെമ്പ് പാളികളായി രേഖപ്പെടുത്തിയത് വാസുവിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് സംശയം.
വാസുവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. ശബരിമലയിലെ നവീകരണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന സുനിൽ കുമാറിനെയും സ്ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന രാജേഷിനെയും ചോദ്യം ചെയ്യും. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
അതേസമയം, നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുകയാണ്. പുതിയ പ്രസിഡന്റിനെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. കെ.എസ്. പ്രശാന്തിന് കാലാവധി നീട്ടിനൽകാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, സ്വർണ്ണ കവർച്ചാ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്ന നിർദ്ദേശം സിപിഎം നേതൃത്വം മുന്നോട്ടുവെച്ചിരുന്നു.