ശബരിമല സന്നിധാനത്തെ കട്ടളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പതിച്ചിരുന്ന സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ തന്ത്രി കണ്ടരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലായ തന്ത്രി നിലവിൽ ജയിലിലാണ്.
താൻ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളതെന്നും സ്വർണം കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, തന്ത്രിയുടെ വാദങ്ങളെ പ്രത്യേക അന്വേഷണസംഘം (SIT) ശക്തമായി എതിർത്തു. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കവര്ച്ച ചെയ്യാൻ സൗകര്യമൊരുക്കിയത് തന്ത്രിയാണെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു.
കൂടാതെ, തന്ത്രിയുടെയും ഭാര്യയുടെയും പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുള്ള രണ്ടര കോടിയോളം രൂപയുടെ നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. തന്ത്രിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്.ഐ.ടി കോടതിയിൽ ബോധിപ്പിച്ചു.
അതേസമയം, ഇതേ കേസിൽ പ്രതിയായ എ. പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. പത്മകുമാർ അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യത്തിന് വഴിയൊരുങ്ങുന്നത്. തന്ത്രിയുടെ ജാമ്യക്കാര്യത്തിൽ കോടതി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണ്ണായകമാകും.