ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോന്ത ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12:30 ഓടെയാണ് മോന്ത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞുവീശിയത്. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള കാക്കിനടക്ക് സമീപം മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്.
ചുഴലിക്കാറ്റിന്റെ ഫലമായി ആന്ധ്രാപ്രദേശിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, ആളുകളെ കൃത്യസമയത്ത് മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ തോതിലുള്ള ആൾനാശനഷ്ടം ഒഴിവാക്കാൻ കഴിഞ്ഞു. 43,000 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചു. കൂടാതെ, 2200 കോടിയിലധികം രൂപയുടെ വൈദ്യുതി നാശനഷ്ടങ്ങളും സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ 23 ജില്ലകളിൽ റെഡ് അല്ലെങ്കിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആശങ്കകൾ ഒഴിയുന്ന സാഹചര്യത്തിൽ ഇപ്പോൾ അവ പിൻവലിച്ചിട്ടുണ്ട്.
ഒഡീഷയിൽ സ്ഥിതിഗതികൾ ഏറെക്കുറെ ശാന്തമാണ്. കനത്ത മഴ തുടരുന്നുണ്ടെങ്കിലും, നിലവിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീരം തൊടുമ്പോൾ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റ്, നിലവിൽ 90 കിലോമീറ്ററിൽ താഴെ വേഗതയിലേക്ക് കുറഞ്ഞു.'മോന്ത' എന്ന വാക്കിന് 'ഭംഗിയുള്ള പുഷ്പം' എന്നാണർത്ഥം. എന്നാൽ, ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ ഈ പേരിന് വിപരീതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.