Share this Article
News Malayalam 24x7
ഇന്ത്യയിലെ ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; ജനസംഖ്യ വ്യതിയാനം മതപരിവര്‍ത്തനം മൂലമെന്ന് മോഹന്‍ ഭാഗവത്
വെബ് ടീം
posted on 28-08-2025
1 min read
rss

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. ജനസംഖ്യാ സന്തുലനത്തിന് അത് ആവശ്യമാണ്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 'നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്' എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൂന്നില്‍ കുടുതലുള്ള ജനനനിരക്ക് നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ഒരു സ്വതന്ത്രസംഘടനയാണ്. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും തര്‍ക്കങ്ങള്‍ ഇല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. അത് കാരണം ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി. വിദ്യാര്‍ഥികള്‍ അവരുടെ ഭൂതകാലത്തെ കുറിച്ച് പഠിക്കണം. വിദ്യാഭ്യാസം എന്നത് വിവരങ്ങള്‍ മനഃപാഠമാക്കുക എന്നതല്ല. സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിന് എതിരല്ല. വിദ്യാഭ്യാസം എന്നത് കേവലം അറിവല്ല. ഒരാളെ സംസ്‌കാരമുള്ളവനാക്കുക എന്നതാണ് അത്. പുതിയ വിദ്യാഭ്യാസ നയം ശരിയായ ദിശയിലുള്ള ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളെ നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പഠിപ്പിക്കണം. ബ്രിട്ടീഷുകാരായി മാറാന് നമ്മള്‍ ശ്രമിക്കരുത്, പക്ഷേ ഇംഗ്ലീഷ് പഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. ഒരു ഭാഷ പഠിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒലിവര്‍ ട്വിസ്റ്റ് വായിച്ചത്. ഒലിവര്‍ ട്വിസ്റ്റ് വായിക്കുകയും പ്രേംചന്ദിനെ അവഗണിക്കുകയും ചെയ്യുന്നത് ശരിയല്ല. ഭാരതത്തെ മനസ്സിലാക്കാന്‍ സംസ്‌കൃതം പഠിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയം സേവകര്‍ ഇസങ്ങളില്‍ വിശ്വസിക്കുന്നില്ല. നിയമലംഘനം നടത്തി രാജ്യത്തേക്ക് ആരെങ്കിലും പ്രവേശിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. 'നമ്മുടെ രാജ്യത്തെ ജോലികള്‍ നമ്മുടെ പൗരന്മാര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം, നുഴഞ്ഞുകയറ്റക്കാര്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയില്‍ ഇസ്ലാം എന്നും നിലനില്‍ക്കും. ഇസ്ലാം ഇല്ലാതാകുമെന്ന് ഒരു ഹിന്ദുവും കരുതുന്നില്ല. എന്നാല്‍ നമ്മള്‍ ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കണം. ഇത് നമ്മുടെ രാജ്യമാണെന്ന് നമ്മള്‍ വിശ്വസിക്കണം. റോഡുകള്‍ക്ക് മുസ്ലീങ്ങളുടെ പേരിടരുതെന്ന് പറയുന്നില്ല, എന്നാല്‍ ആക്രമണകാരികളുടെ പേരിടരുത്' - മോഹന്‍ ഭാഗവത് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories