ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയിൽ ഡിജിറ്റൽ ന്യൂസ് പോർട്ടലിലെ വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഓഫീസിനുള്ളിൽ ഋതുമണി റോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ ഷിഫ്റ്റിലെത്തിയ മറ്റൊരു ജീവനക്കാരനാണ് യുവതി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. 23 ആം തീയതി ജോലിയ്ക്കെത്തിയ ശേഷം യുവതി ഓഫീസിൽ നിന്ന് മടങ്ങിയിരുന്നില്ല.
'അതാണ് എല്ലാവർക്കും നല്ലത്' എന്ന് എഴുതിയ ഒരു ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചു. ഡിസംബർ 5 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഫോറൻസിക് സംഘം സ്ഥലം സന്ദർശിച്ചു.
പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും ഫോറൻസിക് വിശകലനത്തിനും ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.അതേ സമയം സാമ്പത്തിക പ്രതിസന്ധിയും യുവതിയെ അലട്ടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.