ഡിജിറ്റല്‍ , സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി ആവാമെന്ന് സുപ്രീംകോടതി. കമ്മിറ്റിയുടെ രൂപീകരണം സുപ്രീംകോടതി നടത്തും. സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് മുകളില്‍ പിന്നീട് ചാന്‍സലര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. കമ്മിറ്റി രൂപീകരിക്കുന്നതിനായി ഇരുകക്ഷികളോടും നാല് പേരുകള്‍ വീതം നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുജിസി നിര്‍ദേശിക്കുന്ന പ്രതിനിധിയും സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകും. കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്നായിരിക്കണം നിയമനം നടത്തേണ്ടത്. നിര്‍ദേശത്തില്‍ എതിര്‍പ്പില്ലെന്നും പേരുകള്‍ നാളെ നല്‍കുമെന്നും സംസ്ഥാനം അറിയിച്ചു. തര്‍ക്കം തീര്‍ക്കാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നു എന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ജെ.ബി പര്‍ദിവാല പറയുകയുണ്ടായി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.