പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം പുരോഗമിക്കുകയാണ്. സന്ദർശനത്തിൻ്റെ ആദ്യ ഘട്ടത്തിൽ ജോർദാനിൽ എത്തിയ പ്രധാനമന്ത്രി, രാത്രിയോടെ രാജ്യത്തെ ഭരണാധികാരി അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജോർദാനിലെ ഹുസൈനിയ പാലസിൽ വെച്ചായിരുന്നു ഇരുവരുടെയും നിർണായക കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, പ്രാദേശിക വിഷയങ്ങൾ, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളിലെ സഹകരണം എന്നിവ നേതാക്കൾ ചർച്ച ചെയ്തു. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 75 വർഷം തികയുന്ന വേളയിലാണ് ഈ കൂടിക്കാഴ്ച നടന്നത് എന്നതും ശ്രദ്ധേയമാണ്. 37 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർദാൻ സന്ദർശിക്കുന്നത് ഇത് ആദ്യമായാണ്.
ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെയും ജോർദാനിലെയും വ്യവസായ പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ന് എത്യോപ്യയിലേക്ക് തിരിക്കും. എത്യോപ്യക്ക് ശേഷം നാളെ അദ്ദേഹം ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഒമാനിലേക്കും യാത്ര തിരിക്കും.