"ജോലിയിൽ മാനസികാരോഗ്യം " എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ജോലി സ്ഥലങ്ങളിൽ മാത്രമല്ല മനുഷ്യനുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ മേഖലകളിലും മാനസികാരോഗ്യം ഏറ്റവും അനിവാര്യമാവേണ്ടതാണ് എന്നുമനസിലാക്കി ആവശ്യമെന്നാൽ ചേർത്തുപിടിക്കലും, വേണ്ടി വന്നാൽ പൊളിച്ചുപണിയലും വേണമെന്ന തിരിച്ചറിവ് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം ആചരിക്കുമ്പോൾ നമുക്കും പറഞ്ഞുവയ്ക്കാം.
ശരീരത്തിന് അസുഖം വരുമ്പോൾ അതിൽ വല്ലാതെ വ്യാകുലപ്പെടുകയും ഏതുവിധേനയും വൈദ്യസഹായം തേടുകയും ചെയ്യുന്ന മനുഷ്യർ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ പിശുക്കന്മാരാണെന്ന് പറയേണ്ടിവരും.
തനിക്ക് മാത്രമല്ല തന്റെ തലമുറയ്ക്കും ഇത്തരത്തിലൊരു സാഹചര്യം വരുമ്പോൾ പൊതുസമൂഹത്തിൽ നിന്ന് അവരുടെ പ്രശ്നങ്ങളെ മറച്ചു പിടിക്കാനും, പരമാവധി തങ്ങളിൽ ഒതുക്കാനുമാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത്.
"കുട്ടികളിൽ വേഗത്തിൽ മാനസിക പിരിമുറുക്കം സൃഷ്‌ടിക്കാൻ കഴിയും, ഏകദേശം പതിനാറ് ശതമാനത്തോളം മെന്റൽ സ്‌ട്രെസ് സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ കാണുന്നുണ്ട്.കുട്ടികളുടെ പിഞ്ചുമനസാണ്, അതുകൊണ്ട് പലപ്പോഴും വീട്ടിലെ പ്രശ്നങ്ങൾ, വിദ്യാലയങ്ങളിലെ മാർക്കിനെ സംബന്ധിച്ചുള്ള വിഷയങ്ങളൊക്കെ അവരിൽ മാനസികമായ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാവാറുണ്ട്."
പെരിന്തൽമണ്ണ നിധി ക്ലിനിക്കിലെ ജൂനിയർ സൈക്കോളജിസ്റ്റ് അതുൽ രാജഗോപാൽ പറയുന്നു.
സാധാരണ രോഗങ്ങളെപ്പോലെ മനസിന്റെ പ്രശ്നങ്ങളെ കാണാൻ കഴിയാത്തതും, ചികിത്സാരീതികളെ കുറിച്ചുള്ള തെറ്റായ അറിവുകളുമെല്ലാം ഇതിനൊരു കാരണമാണ്.മനുഷ്യന്റെ ജനനം മുതൽ ഓരോ അവസ്ഥാന്തരങ്ങളിലും, കാലഘട്ടത്തിലും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മെച്ചപ്പെട്ട മനസിന്റെ ആരോഗ്യവും ഒരു സുപ്രധാന ഘടകം തന്നെ.എന്നാൽ ശരാശരി ആളുകളും എന്തൊക്കെയോ ചില മിഥ്യാധാരണകളാൽ നിശബ്ദരോഗമായി മനസിന്റെ അവസ്ഥകളെ കാണുന്നു.ലോകത്തിൽ എട്ടുപേരിൽ ഒരാൾക്ക് മാനസിക രോഗം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ പ്രായം, ജോലി, ലിംഗം തുടങ്ങി ഒരു വിഭാഗത്തെ മാത്രം അടിസ്ഥാനമാക്കി ഇക്കാര്യം നമുക്ക് ചർച്ചചെയ്യാൻ കഴിയില്ല. ബുദ്ധിയും, വിവേകവുമുള്ള മാനവികതയെ വളർത്തിയെടുക്കുന്നതിനും, സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷക്കും വ്യക്തിയുടെ ആരോഗ്യവും പ്രാധാന്യമേറിയതാണ്.
ആരോഗ്യമുള്ള ജോലി സംസ്കാരത്തിന്റെ ആവശ്യകത :
മനുഷ്യജീവിതത്തിന്റെ ഏറിയ പങ്കും നാം ചിലവഴിക്കുന്നത് തൊഴിലിടത്തിലാണെന്ന് പറയാം. ആരോഗ്യമുള്ള ചുറ്റുപാട് വേണ്ടതും അവിടെത്തന്നെ. എന്നാൽ,ആഗോളതലത്തിൽ അറുപത് ശതമാനം പേരാണ് മാനസികാരോഗ്യത്തിന് വെല്ലുവിളി നേരിടുന്ന തരത്തിൽ ജോലി ചെയ്യേണ്ടിവരുന്നത്.ഇത് വ്യക്തി ജീവിതത്തെയും, സാമൂഹിക ജീവിതത്തെയും ഒരുപോലെ ബാധിക്കുന്നു.ജോലി സമ്മർദ്ദം ജീവനുതന്നെ ഭീഷണിയാവുന്ന അവസ്ഥ നമ്മൾ കുറച്ചു നാളുകൾക്കുമുൻപ് അന്ന സെബാസ്റ്റ്യന്റെ മരണത്തിലൂടെ കണ്ടതാണ്.
കൃത്യതയില്ലാത്ത ജോലി സംസ്കാരത്തെചൊല്ലിയുള്ള ഒരുപാട് ചർച്ചകൾക്കും ഇത് വഴിവച്ചു. ദീർഘ ജോലി സമയം, കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, തുടങ്ങിയവയെല്ലാം തൊഴിലിടങ്ങളെ കടുത്ത അങ്കത്തട്ടാക്കി മാറ്റാറുണ്ട്.ഇങ്ങനെ വരുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ടാർഗറ്റ് നേടിയെടുക്കുക എന്നത് പലപ്പോഴും തൊഴിലാളികൾക്ക് വെല്ലുവിളിയായി മാറുന്നു. ചെയ്തു തീരാത്ത ജോലിയുടെ സമ്മർദ്ദം ഉത്പാദനക്ഷമതയുള്ള തൊഴിലാളിയുടെ മാനസികാവസ്ഥയെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു.ഇതുകൂടാതെ ലിംഗം, ജാതി, വർഗം, വംശം, ലൈംഗിക ആഭിമുഖ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളും, ലിംഗപരമായ വേതന അസമത്വവും മനസിന്റെ അനാരോഗ്യത്തിന് കാരണമാവുന്നുണ്ട്. അതിനാൽ കമ്പനിയുടെ ലാഭത്തിനുവേണ്ടി വ്യക്തിയുടെ മാനസികാരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമ്പോൾ തൊഴിലാളി-സൗഹൃദ തൊഴിലിടങ്ങൾ സൃഷ്‌ടിക്കുക എന്നത്, തന്റെ കടമയാണെന്ന് ഓരോ തൊഴിലുടമയും തീരുമാനിക്കണം. ആരോഗ്യമായ തൊഴിൽ സംസ്കാരങ്ങൾ വളർത്തിയെടുക്കുന്നതിന് ആവശ്യമായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.
മാറ്റങ്ങളുടെ ചേർത്തുപിടിക്കൽ :
മുൻപത്തെ അപേക്ഷിച്ച് തുറന്നുപറച്ചിലുകൾക്ക് ഇന്ന് സാധ്യതയേറെയുണ്ട്. മാറ്റിനിർത്തിപ്പെട്ടിരുന്ന ഒരുപാട് കാര്യങ്ങളെ അംഗീകരിക്കാനും, സാധാരണമായി കാണാനും ഇന്നത്തെ തലമുറയിലുള്ളവർക്ക് കഴിയുന്നു.
ആരോഗ്യ സംരക്ഷണ മേഖലയിൽ സാങ്കേതിക വിദ്യക്കും ഏറിയ പങ്കുണ്ടെന്ന് പറയാം.ഇ-മെഡിക്കൽ റെക്കോർഡ്‌സ്, സോഫ്‌റ്റ്‌വെയർ, ടെലി-മെഡിസിൻ ടൂളുകൾ, രോഗികളുടെ പോർട്ടലുകൾ തുടങ്ങിയവയെല്ലാം രോഗികളുമായുള്ള സുഗമമായ ആശയവിനിമയത്തെ സഹായിക്കുന്നു.
ചില പ്രമുഖ വ്യക്തികളുടെ അഭിമുഖങ്ങളിൽ " ഒരിക്കൽ എനിക്ക് ഡിപ്രെഷൻ ഉണ്ടായിരുന്നു " എന്നെല്ലാം മടികൂടാതെ പറയുന്നത് കേൾക്കുമ്പോൾ ഇത്തരം തുറന്നുപറച്ചിലുകൾക്ക് അനുയോജ്യമായ സമൂഹത്തെ വാർത്തെടുക്കാൻകൂടി അത് സഹായിക്കുന്നു. മനുഷ്യന് താങ്ങാവാൻ ഏറ്റവും നന്നായി മറ്റൊരു മനുഷ്യന് കഴിയില്ലേ, അതുകൊണ്ടുതന്നെ ഏതു രീതിയിലുള്ള ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കാൻ കഴിയും എന്ന ചോദ്യത്തിനും അതുലിന് ഉത്തരമുണ്ട്.
"മാനസികമായി പിരിമുറുക്കം അനുഭവപ്പെടുന്നവരെ ചേർത്തുപിടിക്കേണ്ടത് ഒരു വ്യക്തിക്കപ്പുറം, കുടുംബത്തിന്റെയും,സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.സമൂഹത്തിൽ ജീവിക്കുന്ന എല്ലാവർക്കും അതിൽ പ്രതിബദ്ധതയുണ്ട്.
വീട്ടിലെ പ്രശ്നങ്ങൾ കാരണം ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നു, അയാളെ കൺസൾട്ട് ചെയ്യുന്നു. എന്നിട്ട് വീണ്ടും ആ വീട്ടിൽ അതേ സാഹചര്യത്തിൽ അയാൾ ജീവിക്കേണ്ടിവരുന്നതിൽ എന്തർത്ഥമാണ് ഉള്ളത്? അതുപോലെ തന്നെ ഒരു പ്രശ്നമുണ്ടാകുമ്പോൾ മാത്രം അതിനെ കുറിച്ച് ആലോച്ചിട്ട് കാര്യമില്ല അതായത് കുടുംബമെന്നത് തുറന്നുപറയാനുള്ള ഇടംകൂടിയാവേണ്ടതുണ്ട് എന്ന് സാരം. "
തയാറാക്കിയത്: വിജിത കെ പി