കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) മലയാളത്തിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
"കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുന്നു" - പ്രധാനമന്ത്രി തന്റെ പോസ്റ്റിൽ കുറിച്ചു.
പുതിയ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തെയും പുതിയ ഭരണനേതൃത്വത്തെയും കേന്ദ്ര സർക്കാർ ക്രിയാത്മകമായി സമീപിക്കുമെന്നതിന്റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദേശം വിലയിരുത്തപ്പെടുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ തിരുവനന്തപുരത്ത് പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം എത്തിയത്.