തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ഐക്യജനാധിപത്യ മുന്നണിയുടെ (യുഡിഎഫ്) നിർണ്ണായക യോഗം നാളെ കൊച്ചിയിൽ ചേരും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകും.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർത്ഥി നിർണ്ണയം നേരത്തെ പൂർത്തിയാക്കി പ്രചാരണ രംഗത്ത് മുൻതൂക്കം നേടാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൊണ്ടുള്ള പഠനം കോൺഗ്രസ് ഇതിനോടകം നടത്തിക്കഴിഞ്ഞു. യുഡിഎഫിന് ഉറച്ച വിജയസാധ്യതയുള്ള മണ്ഡലങ്ങൾ, കടുത്ത മത്സരം നടന്നാൽ പിടിച്ചെടുക്കാവുന്നവ, വിജയസാധ്യത കുറഞ്ഞവ എന്നിങ്ങനെ മൂന്നായി തിരിച്ചാകും ഓരോ മണ്ഡലത്തിലേക്കും പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ തെക്കൻ ജില്ലകളിൽ നിന്ന് മാത്രം കുറഞ്ഞത് 25 സീറ്റുകൾ ഇത്തവണ യുഡിഎഫ് ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനായി കൃത്യമായ കണക്കുകൾ മുന്നണിയുടെ കൈവശമുണ്ട്. മലബാർ മേഖലയിൽ, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ലീഗിന്റെ കരുത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് മുന്നണിയുടെ ആത്മവിശ്വാസം. ഗ്രൂപ്പ് സമവാക്യങ്ങൾക്കും ജാതി-മത പരിഗണനകൾക്കും അപ്പുറം ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
നിലവിലെ ഘടകകക്ഷികൾക്ക് പുറമെ പി.വി. അൻവർ ഉൾപ്പെടെയുള്ളവരെ സഹകരണ അടിസ്ഥാനത്തിൽ ഒപ്പം നിർത്തുന്നതിനെക്കുറിച്ചും ആർജെഡി തുടങ്ങിയ പാർട്ടികളെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ കാര്യമായ തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞത് മുന്നണിക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. വിവരങ്ങളുമായി ഡി ബിനോയിയാണ് വാർത്തയിൽ ചേരുന്നത്.