Share this Article
ഗാസയില്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍

ഗാസയില്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍. അതിര്‍ത്തിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന് 4 കിലോമീറ്ററിലധികം ദൈര്‍ഘ്യമുണ്ടെന്നും സൈന്യം അറിയിച്ചു. തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേല്‍ പ്രതിരോധസേന തുരങ്കം കണ്ടെത്തിയ വിവരം അറിയിച്ചത്.പല പ്രദേശങ്ങളിലും ഭൂനിരപ്പില്‍ നിന്ന് 50 മീറ്റര്‍ വരെ ആഴത്തിലൂടെയാണ് തുരങ്കം പോകുന്നതെന്നാണ് സൈന്യം പറയുന്നത്.ചെറു വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും ആയുധങ്ങളടക്കമുള്ള ചരക്കുകള്‍ കൊണ്ടു പോകാനും പര്യാപ്തമായ വീതിയുള്ള തുരങ്കം, പലയിടത്തും ശാഖകളായി പിരിയുകയും വ്യത്യസ്ത ദിക്കുകളിലേക്ക് പോകുകയും ചെയുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി. പ്രതിരോധസേന പുറത്തു വിടുന്ന വിവരങ്ങള്‍ പ്രകാരം , തുരങ്കത്തിനുള്ളില്‍ വൈദ്യുതിയും പ്ലംബിങ്ങും ആശയവിനിമയ സംവിധാനങ്ങളുമുണ്ട്.

തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്‌ഫോടനം നടന്ന നിലയിലുള്ള വാതിലുകള്‍ കണ്ടെത്തിയതായും സൈന്യം അവകാശപ്പെടുന്നു.ഹമാസിന്റെ തെക്കന്‍ ബ്രിഗേഡിന്റെ കമാന്‍ഡറും ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനുമായ മുഹമ്മദ് സിന്‍വാറാണ് തുരങ്ക പദ്ധതിക്ക് നേതൃത്വം നല്‍കിയതെന്ന് കരുതുന്നു .ഹമാസ് എഞ്ചിനീയര്‍മാര്‍ തുരങ്കം നിര്‍മ്മിക്കുന്നതിന്റെതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളും മുഹമ്മദ് സിന്‍വാര്‍ മേഖലയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും ഇസ്രയേല്‍ സൈന്യം പുറത്തു വിട്ടിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories