സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നടൻ ബൈജു സന്തോഷ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച മലയാളം വാനോളം, ലാൽസലാം എന്ന ചടങ്ങിലെ അടൂരിന്റെ പ്രസംഗശകലവും അദ്ദേഹം മുൻപ് മോഹൻലാലിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും ചേർത്തുവെച്ച് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോക്ക് കമന്റായാണ് ബൈജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
തന്നെ വിമർശിച്ച അടൂർ ഗോപാലകൃഷ്ണന് മോഹൻലാൽ മറുപടി നൽകുന്നു എന്ന രീതിയിലുള്ള വീഡിയോക്കാണ് ബൈജു സന്തോഷ് കമന്റ് ചെയ്തത്. ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർ സ്റ്റാർ ആയി എന്നാണ് ബൈജുവിന്റെ കമന്റ്. നിരവധി പേർ ബൈജുവിന് പിന്തുണയുമായെത്തി. അടൂർ ഗോപാലകൃഷ്ണന് തക്ക മറുപടിയാണ് ബൈജു നൽകിയതെന്നാണ് മിക്കവരും പ്രതികരിച്ചത്.2004-ൽ തനിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്നാണ് മോഹൻലാലിന് സർക്കാർ ആദരം നൽകിയ ചടങ്ങിൽ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. മോഹന്‍ലാലിന് ആദ്യത്തെ ദേശീയ അവാര്‍ഡ് നല്‍കിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താൻ. തനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ, മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവു നല്‍കുകയുംചെയ്യുന്ന ഒരാളാണ് താനെന്നും അടൂർ പറഞ്ഞിരുന്നു.'എന്നെക്കുറിച്ച് ആദ്യമായി...അല്ല, ഒരുപാട് സദസുകളില്‍ എന്നെ കുറിച്ച് സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും ഹൃദയത്തില്‍ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു' എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞത്. ഇത് അടൂരിനുള്ള മറുപടിയാണെന്ന് വ്യാഖ്യാനവും ഉണ്ടായിരുന്നു.
മോഹന്‍ലാലിന്റേത് നല്ലവനായ റൗഡി ഇമേജ് ആണെന്നും അതിനാലാണ് അദ്ദേഹത്തെ പ്രധാനകഥാപാത്രമാക്കി ചിത്രമൊരുക്കാന്‍ തനിക്ക് കഴിയാത്തതെന്നും അടൂര്‍ മുൻപ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. റൗഡി, റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാവുന്നത്? അത്തരത്തിലുള്ളതല്ലാത്ത വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിരിക്കാം. എന്നാല്‍, തന്റെ മനസില്‍ ഇപ്പോള്‍ ഉറച്ചിരിക്കുന്ന ഇമേജ് അതാണെന്നും അന്ന് അടൂർ പറഞ്ഞിരുന്നു.