Share this Article
News Malayalam 24x7
'കേരള സ്റ്റോറി 2'ന് നൽകിയ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
Petition to Revoke 'The Kerala Story 2' Censor Certificate

വിവാദ സിനിമയായ 'ദ കേരള സ്റ്റോറി 2' വിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്.

കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് നിർണായകമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.


സിനിമയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ സിനിമ കാണുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനുള്ള സാഹചര്യങ്ങൾ ഇന്ന് നിർമ്മാതാക്കൾ ഒരുക്കി നൽകിയേക്കും. വിശദമായ വാദം കേൾക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടക്കമുള്ളവർ ഇന്ന് നിലപാട് അറിയിക്കും.


സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയിലുണ്ട്. ഒന്നാം ഭാഗത്തിനെതിരെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളാണെന്ന് ചിത്രീകരിച്ച് പ്രൊമോഷൻ പരിപാടികൾ നടത്തിയതിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ കോടതിയുടെ നിലപാട് സിനിമയുടെ പ്രദർശനത്തിൽ നിർണായകമാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories