ന്യൂഡല്‍ഹി: അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.യുക്രൈന്‍ വിഷയത്തില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിലയിരുത്തലുകളും പങ്കുവെച്ചുള്ളതായിരുന്നു ഫോണ്‍ സംഭാഷണമെന്നാണ് റിപ്പോർട്ട്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് പുടിനെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.പുടിന് നന്ദിയര്‍പ്പിച്ച പ്രധാനമന്ത്രി, നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് അടിവരയിട്ട് അറിയിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍, ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.