സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് നേരിടുന്ന രൂക്ഷമായ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി സർക്കാർ ഇടപെടുന്നു. ഉപകരണ വിതരണക്കാർക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ള തുകയിൽ നിന്ന് 50 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് (കെ.എം.എസ്.സി.എൽ) ആണ് തുക കൈമാറുക.
തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന മെഡിക്കൽ കോളേജുകളിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഗൈഡ് വയറുകൾ അടക്കമുള്ള ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. വിതരണക്കാർക്ക് 158 കോടി രൂപയോളം കുടിശ്ശികയായതോടെ സെപ്റ്റംബർ ഒന്ന് മുതൽ ഇവർ ഉപകരണങ്ങൾ നൽകുന്നത് നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്ന് അടിയന്തരമല്ലാത്ത പല ശസ്ത്രക്രിയകളും മാറ്റിവെക്കുകയും രോഗികൾ ഉയർന്ന വില നൽകി പുറത്തുനിന്ന് ഉപകരണങ്ങൾ വാങ്ങേണ്ട അവസ്ഥ വരികയും ചെയ്തിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാല് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാമിനുള്ള ഉപകരണങ്ങൾ രോഗികൾ സ്വയം വാങ്ങുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.
അതേസമയം, അനുവദിച്ച 50 കോടി രൂപ ലഭിച്ചാലും കുടിശ്ശിക പൂർണ്ണമായി തീർക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം വിതരണക്കാർ.