ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യുന്നതിനെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്ത്. ജമാഅത്തെ ഇസ്ലാമി യുഡിഎഫുമായി അടുക്കുന്നുവെന്ന് പരോക്ഷമായി സൂചിപ്പിച്ചാണ് സമസ്തയിലെ ലീഗ് വിരുദ്ധര്‍ ആക്ഷേപം ഉന്നയിക്കുന്നത്. സമസ്തയുടെ യുവജന വിഭാഗമായ എസ്. വൈ.എസിന്റെ സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസിഅമ്പലക്കടവാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്താല്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസിയായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണ വ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മാറിമാറി വ്യത്യസ്ത മുന്നണികളിലായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നു.
ജമാഅത്ത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച് വിവാദമായത് മറക്കാന്‍ ആയിട്ടില്ല. മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രമാണ് മാര്‍ച്ചില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയത്. മുസ്ലിം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.