Share this Article
News Malayalam 24x7
സർക്കാരിന് ആശ്വാസം,കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി
വെബ് ടീം
posted on 23-02-2026
1 min read
title deed

കൊച്ചി: ഇടുക്കിയിലേത് ഉൾപ്പടെയുളള കൈവശ ഭൂമിക്കുള്ള പട്ടയവിതരണത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. 1964ലെ ചട്ടപ്രകാരം കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. 2024 ജനുവരി 10 മുതല്‍ നിലനിന്നിരുന്ന സ്‌റ്റേയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയത്. ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം നടത്താമെന്നാണ് കോടതി നിർദേശം. എത്ര കൈവശഭൂമിക്ക് പട്ടയം നൽകാം തുടങ്ങിയ മാനദണ്ഡങ്ങൾ തീരുമാനിച്ചായിരിക്കണം പട്ടയം വിതരണം നടത്തേണ്ടത് തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.1971 ഓഗസ്റ്റ് ഒന്നിന് മുൻപ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നൽകാമെന്നായിരുന്നു സർക്കാരുണ്ടാക്കിയ ചട്ടം. എന്നാൽ ചില സംഘടനകളും വ്യക്തികളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 1964ലെ ചട്ടത്തിൽ സമയപരിധി ഉണ്ടായിരുന്നില്ലെന്നും ഇത് നിരവധി പേർ അനധികൃതമായി അപേക്ഷയുമായെത്താൻ കാരണമായെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി സ്റ്റേ നീക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories