ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസില്‍ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ . പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിന് പിന്നാലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. 2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്.
2019 ഫെബ്രുവരി 26നാണ് സ്വര്‍ണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ.പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യോഗം ഈ ഫയലിന് അംഗീകാരം നല്‍കി. അങ്ങിനെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചട്ടങ്ങള്‍ ലംഘിച്ച് കട്ടിളപ്പാളികള്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയതും സ്വര്‍ണം കവര്‍ന്നതും. അതിനാല്‍ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമുണ്ടെന്ന് എസ്.ഐ.ടി കരുതുന്നത്.
അതേസമയം, നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ വാസുവിനെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞിരുന്ന വാസുവിനെ പൊലീസിൻ്റെ വൻ സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. പിന്നാലെ കസ്റ്റഡിയിലായ വാസുവിനെ കൊണ്ടു പോയ പൊലീസ് വാഹനത്തിന് മുൻപില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.