ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിൽ പതിപ്പിച്ച സ്വർണ്ണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) അനുമതി തേടി. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ദ്വാരപാലക വിഗ്രഹത്തിലെ സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. സ്വർണ്ണത്തിന്റെ കാഠിന്യം, നിലവിലെ സ്വർണ്ണത്തിൽ എത്ര ക്യാരറ്റ് ഉണ്ടെന്നുള്ള കാര്യങ്ങൾ എന്നിവയിൽ വ്യക്തത വരുത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്. വളരെ വേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും, ചെമ്പ് പാളികളിൽ പൊതിഞ്ഞിരിക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ടെന്നും SIT വ്യക്തമാക്കി.
ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണ്ണം പതിച്ച ചെമ്പുപളികൾ ഇളക്കി മാറ്റുന്നതിന് തന്ത്രിയുടെ അനുമതി അനിവാര്യമാണ്. ഇതിനോടൊപ്പം ചില പൂജാവിധി ചടങ്ങുകളും നടത്തേണ്ടിവരുമെന്ന് ദേവസ്വം ബോർഡ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
തന്ത്രിയുടെ അനുമതി ഉടൻ ലഭിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അടുത്ത ആഴ്ചയാണ് അന്വേഷണ സംഘത്തിന്റെ കാലാവധി അവസാനിക്കുന്നത്. അതിനാൽ, ഈ വിഷയത്തിൽ തന്ത്രിയുടെ വ്യക്തമായ മറുപടി ഉടൻ ദേവസ്വം ബോർഡിന് കൈമാറുമെന്നാണ് പ്രതീക്ഷ.