Share this Article
KERALAVISION TELEVISION AWARDS 2025
കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല; പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും IFFK-യിൽ പ്രദർശിപ്പിക്കും, കേന്ദ്രനടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
വെബ് ടീം
2 hours 43 Minutes Ago
1 min read
CM

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

19 ചിത്രങ്ങൾക്കാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ പ്രദർശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി കുറിച്ചു.വിലക്കിയ എല്ലാ ചിത്രങ്ങളും പ്ര‍ദർശിപ്പിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകി.

പലസ്തീനില്‍നിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകള്‍ക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിസന്ധിയിലായത്. വിദേശ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞദിവസം ഏഴ് സിനിമകളുടെ പ്രദര്‍ശനം മുടങ്ങി. പല ചിത്രങ്ങളുടെയും ചൊവ്വാഴ്ചത്തെ പ്രദര്‍ശനം റദ്ദാക്കിയതായി സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയമാണെന്ന് ആരോപിച്ച് മേളയില്‍ പ്രതിഷേധമുയര്‍ന്നു.അനുമതി നിഷേധിച്ചത് ചലച്ചിത്ര അക്കാദമി അപേക്ഷ നല്‍കാന്‍ വൈകിയതുകൊണ്ടാണെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അക്കാദമി വിശദീകരിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories