തൃശൂർ: ആശാ പ്രവർത്തകയ്ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്ത് കേരള കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി. ആശാ പ്രവർത്തക ആൻസിക്കാണ് മല്ലിക ഓൺലൈനായി പണം നൽകിയത്. ഗൂഗിൾ പേ മുഖേനയാണ് 1,000 രൂപ നൽകിയത്. ആശമാർക്കുള്ള പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മല്ലിക. ആശമാരെ പിന്തുണച്ചതിന് സർക്കാർ വിലക്കുന്നുവെന്ന പരോക്ഷ സൂചന നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് കലാമണ്ഡലം ചാൻസലർ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ചാൻസലർ ആയത് കൊണ്ട് മിണ്ടാതിരിക്കണമോയെന്നായിരുന്നു മല്ലികയുടെ പോസ്റ്റ്.ഒരു സർവകലാശാലയുടെ ചാൻസലർ ആകുക എന്നതിന്റെ അർഥം എന്താണെന്ന് ഇന്ന് തനിക്ക് ആദ്യമായി അനുഭവപ്പെട്ടുവെന്നാണ് മല്ലികാ സാരാഭായി ഫേസ്ബുക്കിൽ കുറിച്ചത്. "ശമ്പളം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി തൃശൂരിൽ ആശാ വർക്കർമാരുടെ ഒരു പ്രക്ഷോഭം നടക്കുന്നുണ്ട്. എല്ലായിടത്തും ഈ തൊഴിലാളികൾ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നതെന്നും അവർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും അവർ ഉപയോഗിക്കപ്പെടുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. സാറാ ജോസഫ് അവരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി ഒരു കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. എന്റെ അഭിപ്രായം ചോദിക്കുകയും എന്റെ ജീവിതകാലം മുഴുവൻ ചെയ്തതുപോലെ അത് നൽകുകയും ചെയ്തു. ഓ, അത് ഇനി അനുവദിക്കില്ല. ഞാൻ എങ്ങനെ ഞാനാകുന്നത് നിർത്തും?," മല്ലിക കുറിച്ചു.